നിലന്പൂർ: നിലന്പൂർ നഗരസഭ ശേഖരിച്ച മാലിന്യങ്ങൾ മിനി ബൈപാസ് റോഡരികിൽ കൂന്പാരമായി കിടക്കുന്നു. യാത്രക്കാർ ദുർഗന്ധം സഹിച്ച് യാത്ര ചെയ്യേണ്ട അവസ്ഥ. നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥ മൂലം നാട്ടുകാർ ദുരിതമനുഭവിക്കുകയാണ്.
നിലന്പൂർ ബസ് സ്റ്റാൻഡിനോടു ചേർന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പ്രതിഷേധങ്ങളെത്തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഈ മാലിന്യങ്ങളാണ് മിനി ബൈപാസ് റോഡരികിലും മിൽമ കെട്ടിടത്തിന് സമീപത്തുമായി കൂട്ടിയിട്ടിരിക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും മാലിന്യങ്ങൾ ഇവിടെനിന്ന് നഗരസഭ നീക്കം ചെയ്തിട്ടില്ല.
പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ പിഴ ഉൾപ്പെടെ ചുമത്തുന്ന നഗരസഭയുടെ ആരോഗ്യവിഭാഗം റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങൾ സുരക്ഷിത ഇടങ്ങളിലേക്ക് നീക്കാൻ നടപടിയെടുക്കാത്തതിൽ ആക്ഷേപം ശക്തമാണ്.
കാൽനടയാത്രക്കാരും ബസ് യാത്രക്കാരുമുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡരികിലാണ് മാലിന്യങ്ങൾ കൂന്പാരമായി കിടക്കുന്നത്. പകർച്ചവ്യാധികൾ പടരാൻ ഇതുകാരണമാകുന്നു. നഗരസഭയ്ക്ക് മാലിന്യ സംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഈ അവസ്ഥക്ക് കാരണം.
ബസ് സ്റ്റാൻഡിൽ എൽഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തിയതിനെത്തുടർന്നായിരുന്നു സ്വകാര്യസ്ഥലത്ത് കിടന്ന മാലിന്യകൂന്പാരം നീക്കം ചെയ്തത്.
മാലിന്യം കൂട്ടിയിട്ട നടപടിക്കെതിരേ നഗരസഭാ കൗണ്‍സിലറും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ഇ. അരുണ്‍ദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി സംഘടന രംഗത്തുവന്നിട്ടുണ്ട്.
നിലന്പൂർ നഗരസഭയ്ക്ക് മുതുകാട് രണ്ടേക്കർ സ്ഥലം ഉണ്ടെങ്കിലും ഇവിടെ മാലിന്യ സംസ്കരണ കേന്ദ്രം യാഥാർഥ്യമാക്കാൻ ഇതുവരെയായിട്ടില്ല. ഹരിത കർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിലന്പൂർ നഗരസഭ വളപ്പിൽ വേർതിരിച്ചെടുത്താണ് കയറ്റിവിടുന്നത്.